Sunday 11 March 2012

ഫേസ് ബുക്ക്‌

ഹോ.....ഈ പെണ്ണിന് ശ്വാസത്തില്‍ പോലും സ്നേഹം പകരാന്‍ അറിയാം .. ചുടു നിശ്വാസം മുഖത്ത് പതിയുമ്പോള്‍ കേള്‍ക്കാം അവളുടെ ഹൃദയമിടിപ്പുകള്‍ . ഞാന്‍ സ്നേഹിക്കുന്ന ഒരു പെണ്ണിനും ഈ ഒരു കഴിവ് ഇല്ലെന്നു മനസ്സില്‍ വളരെ മെല്ലെ ഓര്‍ത്തു കൊണ്ട് ഞാന്‍ അവളുടെ തല എന്റെ നെഞ്ചില്‍ നിന്നും മെല്ലെ ഇറക്കി വെച്ചു .

കുടിച്ച കള്ളിന്റെ കെട്ടടങ്ങുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം ഞാന്‍ ഒരു സിഗരറ്റ്‌ എടുത്തു കത്തിച്ചു. എന്നത്തേയും പോലെ അവളുടെ നിസ്സഹായമായ നോട്ടം . പിറകെ ഒരു ചോദ്യവും ..ഇക്കാ ..ഇങ്ങള് ഈ സ്മോകിംഗ് ഒരിക്കലും നിര്‍ത്തില്ലേ ?? മറുപടി ആയി ഒരു ചെറു പുഞ്ചിരി ..അത് മതി അവള്‍ക്ക് .. വലിയ സ്വാശ്രയ കോളേജില്‍ ഒക്കെ പഠിക്കുന്ന ഈ പെണ്ണ് എന്താ ഇങ്ങനെ പാവം ആയിപോയത് എന്നായിരുന്നു ആ ചിരി. മണ്ടിക്ക് മനസ്സിലാവില്ല .പെട്ടെന്ന് എന്റെ ചിന്തകളെ ഞെട്ടിച്ചു കൊണ്ട് മൊബൈല്‍ ഫോണില്‍ മെസ്സേജ് വന്ന ശബ്ദം കേട്ടു . നോക്കിയപ്പോള്‍ ഞാന്‍  വികാരങ്ങള്‍ കൈ മാറാറുള്ള ഒരു മൊബൈല്‍ കാമുകി . ശ്വാസത്തില്‍ കൂടെ സ്നേഹം തരുന്ന കാമുകി കാണാതെ മൊബൈലില്‍ കൂടി മറ്റവള്‍ക്കും കുറച്ചു സ്നേഹം കൊടുത്തു .


ശ്വാസകാമുകി അപ്പോഴേക്ക് നിസ്കരിക്കാന്‍ പോയി. ഹോട്ടല്‍ മുറി ആണെങ്കില്‍ പോലും അവള്‍ നിസ്കാരം ഒഴിവാക്കില്ല. അത്രയ്ക്ക് ദൈവഭയം ഉള്ള കുട്ടി ആണ്. ലാപ്ടോപ് എടുത്തു ഫേസ് ബുക്ക്‌ ലോകത്തേക്ക് ഒന്ന് പോയി . നല്ല രസം. ഫേസ് ബുക്കില്‍ കൂടെ ഭൂഗോളത്തിന്റെ സ്പന്ദനം വിരല്‍ തുമ്പിലാക്കിയ മലയാളി സുഹൃത്തുക്കള്‍ പുത്തന്‍ തലമുറയുടെ പ്രേമത്തെ പറ്റി ഭയങ്കരമായ ചര്‍ച്ച. ഞാനും കൊടുത്തു ഒരു കമന്റ്‌ ഇപ്പോഴത്തെ പിള്ളേരുടെ പ്രണയചാപല്യങ്ങളെ പറ്റി ..അതിനു ഒരു അഞ്ചു ലൈക്‌ കിട്ടിയ നിര്‍വൃതിയോടെ ഇരിക്കുമ്പോള്‍ ശ്വാസം നിറയെ സ്നേഹവുമായി അവള്‍ വീണ്ടും അടുത്ത് വന്നു .. പിന്നെ എല്ലാം പെട്ടെന്നായിരുന്നു ..

അവളെ ഹോസ്റ്റലില്‍ വിട്ടു തിരിച്ചു വരുന്ന വഴി വീണ്ടും ഒന്ന് ഫേസ് ബുക്കില്‍ കയറി നോക്കി . അപ്പോള്‍ അവിടെ ചര്‍ച്ച മദ്യപാനത്തിന് എതിരെ ആയിരുന്നു. മദ്യം വിഷമാണ് എന്ന് പറഞ്ഞ ഗുരുദേവനെ ഉദ്ധരിച്ചു സുരേഷ് ഗോപി സ്റ്റൈലില്‍ ഒരു കമന്റും കൊടുത്തു...പത്തു ലൈക്‌ കിട്ടിയ നിര്‍വൃതിയില്‍ നേരെ കയറി...അടുത്ത് കണ്ട ബാറിലേക്ക് .. അടി സക്കെ !!

അവിടെ കണ്ട സുഹൃത്തുക്കള്‍ക്ക് ഇന്നലെ മൊബൈലില്‍ ഷൂട്ട്‌ ചെയ്ത രംഗങ്ങള്‍ കാണിച്ചു കൊടുക്കുമ്പോഴും അതേ നിര്‍വൃതി .. ഡബ്ള്‍ ലൈക്‌ !!